ട്രാഫിക്ക്

പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള
നഗരത്തിലെ തിരക്കേറിയ 
ട്രാഫിക്ക് സിഗ്നലിൽ വെച്ച് 
ജീവിതം വലത്തോട്ടും 
സ്വപ്നങ്ങൾ ഇടത്തോട്ടും 
ഫ്രീ ടേണ്‍ എടുത്തുകൊണ്ട് 
മുന്നറിയിപ്പുകൾ ഏതുമില്ലാതെ 
പിരിഞ്ഞു പോയി.

ജീവിതത്തിന്റെ പച്ച ബസ്സ് 
മഞ്ഞ നിറമുള്ള നിരത്തിലൂടെ 
തീനാളങ്ങളുടെ നിറമുള്ള 
കുന്നിന്റെ ചെരുവിലൂടെ 
ഭ്രാന്തു പിടിച്ചോടുന്നു.
മരണം എന്നൊരു കിടങ്ങ് 
അതിന്റെ ഇടംവശത്ത് 
പകയാർന്നൊരു വിഷസർപ്പമായി 
കൂടെയോടുന്നുണ്ട്.
 
ചുവന്ന നിറമുള്ള സ്വപ്നങ്ങളുടെ ബസ്സ് 
വയലറ്റ് നിറമുള്ള ഒരു വയലിലൂടെ 
നക്ഷത്രങ്ങളുടെ നാട്ടുവെളിച്ചത്തിൽ 
ലക്ഷ്യമില്ലാതെ ഉരുണ്ടുകൊണ്ടിരുന്നു.
 
കുസൃതി പിടിച്ചൊരു ചിത്രകാരൻ കുട്ടി 
ചുവന്ന നിറമുള്ള 
സ്വപ്നങ്ങളുടെ ബസ്സിനു മുന്നിൽ 
പുതിയ പുതിയ വഴികൾ വരച്ചിട്ടു.
ഇടക്കിടക്ക് കറുത്ത ചായം കൊണ്ട് 
കട്ടപിടിച്ച ഇരുട്ട് വരച്ചിട്ടുകൊണ്ട് 
സ്വപ്നങ്ങളുടെ ചുവന്ന ബസ്സിനെ 
ചിത്രകാരൻ കുട്ടി ഭയപ്പെടുത്തിക്കൊണ്ടിരുന്നു 

ട്രാഫിക്ക് തെറ്റിച്ചോടിയ രണ്ടുവണ്ടികളായ 
ജീവിതവും സ്വപ്നവും ഫയർ സ്റ്റേഷനിലേക്കൊരു
സന്ദേശമയക്കുന്നു.
ഇപ്പോൾ മരണ മണി മുഴക്കിക്കൊണ്ട് 
അലറി ഓടുന്ന ഒരു ഫയർ വണ്ടിയുടെ 
ഓരിയിടൽ മാത്രമാണ് സ്ക്രീനിൽ. 

Comments

 1. സ്വപ്നങ്ങളുടെയും യാധാര്ത്യങ്ങളുടെടെയും ഇടയിലൂടെ ജീവിത യാത്ര... ഏതു നിമിഷവും എന്തും സംഭവിക്കാം അല്ലെ..

  ReplyDelete
 2. നിറമുള്ള സ്വപ്നങ്ങളും നിറമുള്ള ബസ്സും നിറഞ്ഞ കവിത.

  ReplyDelete
 3. പച്ച, ചുവപ്പ് , മഞ്ഞ.... ആകെ കണ്‍ഫ്യൂഷനായി......

  ReplyDelete
 4. അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. സൂക്ഷിച്ച് ഡ്രൈവ് ചെയ്താലും ചിലപ്പോള്‍ അപ്രതീക്ഷിതം

  ReplyDelete
 5. രണ്ടു വണ്ടികളും ഏതെങ്കിലുമൊരു സ്റ്റേഷനിൽ വച്ച് കൂട്ടിമുട്ടാതിരിക്കില്ല....!

  ReplyDelete
 6. നിറങ്ങളോണ്ട് കണ്ണ് മഞ്ഞളിച്ചു!
  എന്‍റെ നിയന്ത്രണം തെറ്റുന്നുവോ?
  ആശംസകള്‍

  ReplyDelete
 7. ട്രാഫിക്ക് തെറ്റിച്ചോടിയ രണ്ടുവണ്ടികളായ ജീവിതവും സ്വപ്നവും...

  ജീവിതം പലപ്പോഴും ഇങ്ങനയൊക്കെയാണ്. പക്ഷേ ചിലപ്പോഴെങ്കിലും ട്രാഫിക് തെറ്റിക്കാതെ ഒടാറുമുണ്ട്.

  ആശംസകൾ...

  ReplyDelete
 8. ലൈസൻസില്ലാത്തവനോടിക്കുന്ന സ്വപ്നങ്ങളുടെ ബസ്സിലെ ടിക്കറ്റെടുക്കാത്ത പിൻഗോവണിയാത്രക്കാരൻ കവിതക്കൊരു സലാം പറയുന്നു .

  ReplyDelete
 9. "വലത്തോട്ടോടിയ ജീവിതവും
  ഇടത്തോട്ടോടിയ സ്വപ്നവും "
  നല്ല ആശയം

  ReplyDelete
 10. നന്ദി നല്ല വായനക്കും അഭിപ്രായങ്ങൾക്കും കൂട്ടരേ.

  ReplyDelete
 11. ചുവന്ന നിറമുള്ള സ്വപ്നങ്ങളുടെ ബസ്സ്
  വയലറ്റ് നിറമുള്ള ഒരു വയലിലൂടെ
  നക്ഷത്രങ്ങളുടെ നാട്ടുവെളിച്ചത്തിൽ
  ലക്ഷ്യമില്ലാതെ ഉരുണ്ടുകൊണ്ടിരുന്നു.

  ReplyDelete
 12. സ്വപ്നങ്ങള്‍ക്ക് എല്ലാ നിറങ്ങളും ഉണ്ടാവട്ടെ....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?