Posts

Showing posts from May, 2015

ഭ്രാന്ത്

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ .

കാവിക്കൊടി

ഇരുന്നുണ്ട്
ചന്തിക്കു കുളിരു ബാധിച്ച
മുത്തശ്ശന്റെ മുഷിഞ്ഞ കോണകത്തിന്
മണ്ണിന്റെ നിറമായപ്പോൾ
ആർഷ ഭാരതത്തിന്റെ വീരസ്യമുള്ള കൊടിയായി
പുരപ്പുറത്ത് തൂക്കിയതാണ്.
പഴയ കഥയിലൊക്കെ
മുത്തശ്ശന്മാർ വിയർക്കാതെ
ഓഛാനിച്ചു നിന്നിട്ടേയുള്ളൂ.
ഓഛാനിച്ചവന്റെ സുകൃതമാണ്
പാരന്പര്യത്തിന്റെ നീക്കിയിരിപ്പ്.
നീട്ടിതുപ്പിയവന് കോളാന്പിയും
രാത്രിഞ്ചരന്മാർക്ക് ചൂട്ടും കാണിച്ചുകൊടുത്ത്
കയറിപ്പറ്റിയ കോവിലകങ്ങൾ
- എന്റെ രാഷ്ട്രമീമാംസ.
ഒന്നാംതരം ജോർജ്ജാണ് ഒറ്റുകാശെങ്കിൽ
അനന്തിരവന്മാർക്ക്
എന്തിനിത്ര അസ്ക്കിത?

രാസ പരീക്ഷണങ്ങൾ

രസതന്ത്ര ശാസ്ത്രഞ്ജന്റെ
പരീക്ഷണശാല പോലെയാണ്
നമ്മുടെ ജീവിതവും
ഞാനും നീയുമെല്ലാം
പല നിറങ്ങളിലുള്ള ലായനികൾ മാത്രം.

ഞാനെന്ന ലായനിയിലേക്ക്
നീയെന്ന ലായനി ഒഴിച്ചപ്പോൾ
എന്നിലെ ഈഗോ എന്ന മൂലകം
നിന്നെ പുകച്ചു പുറത്തു ചാടിച്ചത്  -ഒരുവേള. 
പിന്നീടൊരിക്കൽ
ഞാനും നീയും ചേർന്നൊരു
രസകരമായ സംയുക്തമായി
അപ്പോഴാകട്ടെ
വയലറ്റ് നിറമുള്ള സുന്ദര ബാഷ്പമായി
വായുവിൽ നാം നൃത്തം ചെയ്തു.

വിരുദ്ധമായ ലായനികൾ
വിരുദ്ധമായ അനുപാതത്തിൽ ചേർക്കരുതെന്ന
അലിഖിത നിയമം
നാം പലപ്പോഴും തെറ്റിക്കുന്നു.

ഞാൻ മതി. നീ വേണ്ട
എന്ന ചില സംയുക്തങ്ങൾ
വെടിയും പുകയും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

നമ്മുടെ ഈ പരീക്ഷണശാലയിൽ
സമാധാനമെന്ന ലായനി എന്നാണ് എത്തുക?
സ്റ്റോർ കീപ്പറോട് എന്നും വിളിച്ച് ചോദിക്കും
സ്റ്റോക്കില്ല എന്ന പതിവു പല്ലവി തന്നെ.

പ്രതീക്ഷ എന്നൊരു ലായനിയുണ്ട്
ആരും ഉപയോഗിക്കാത്തതുകൊണ്ട്
പഴകിപ്പഴകി അതിന്റെ നിറം കെട്ട് പോയിരിക്കുന്നു.
എക്സ്പയേർഡ് എന്നൊരു മുദ്ര പതിച്ചു കഴിഞ്ഞു.

പരീക്ഷണശാലയിൽ
ഉറക്കമില്ലാതെ ജോലി ചെയ്തു ചെയ്ത്
നമ്മുടെ ശാസ്ത്രഞ്ജന്റെ ബോധം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഈ അടുത്തായി
തെരുവുകളിലേക്ക് ഓടി ഒഴുകുന്ന
ചുവപ്പു നിറമുള്ള ചില…