രാസ പരീക്ഷണങ്ങൾ

രസതന്ത്ര ശാസ്ത്രഞ്ജന്റെ
പരീക്ഷണശാല പോലെയാണ്
നമ്മുടെ ജീവിതവും
ഞാനും നീയുമെല്ലാം
പല നിറങ്ങളിലുള്ള ലായനികൾ മാത്രം.

ഞാനെന്ന ലായനിയിലേക്ക്
നീയെന്ന ലായനി ഒഴിച്ചപ്പോൾ
എന്നിലെ ഈഗോ എന്ന മൂലകം
നിന്നെ പുകച്ചു പുറത്തു ചാടിച്ചത്  -ഒരുവേള. 
പിന്നീടൊരിക്കൽ
ഞാനും നീയും ചേർന്നൊരു
രസകരമായ സംയുക്തമായി
അപ്പോഴാകട്ടെ
വയലറ്റ് നിറമുള്ള സുന്ദര ബാഷ്പമായി
വായുവിൽ നാം നൃത്തം ചെയ്തു.

വിരുദ്ധമായ ലായനികൾ
വിരുദ്ധമായ അനുപാതത്തിൽ ചേർക്കരുതെന്ന
അലിഖിത നിയമം
നാം പലപ്പോഴും തെറ്റിക്കുന്നു.

ഞാൻ മതി. നീ വേണ്ട
എന്ന ചില സംയുക്തങ്ങൾ
വെടിയും പുകയും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

നമ്മുടെ ഈ പരീക്ഷണശാലയിൽ
സമാധാനമെന്ന ലായനി എന്നാണ് എത്തുക?
സ്റ്റോർ കീപ്പറോട് എന്നും വിളിച്ച് ചോദിക്കും
സ്റ്റോക്കില്ല എന്ന പതിവു പല്ലവി തന്നെ.

പ്രതീക്ഷ എന്നൊരു ലായനിയുണ്ട്
ആരും ഉപയോഗിക്കാത്തതുകൊണ്ട്
പഴകിപ്പഴകി അതിന്റെ നിറം കെട്ട് പോയിരിക്കുന്നു.
എക്സ്പയേർഡ് എന്നൊരു മുദ്ര പതിച്ചു കഴിഞ്ഞു.

പരീക്ഷണശാലയിൽ
ഉറക്കമില്ലാതെ ജോലി ചെയ്തു ചെയ്ത്
നമ്മുടെ ശാസ്ത്രഞ്ജന്റെ ബോധം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഈ അടുത്തായി
തെരുവുകളിലേക്ക് ഓടി ഒഴുകുന്ന
ചുവപ്പു നിറമുള്ള ചില കരച്ചിലുകളുടെ
സംയുക്തങ്ങൾ മാത്രം ഉണ്ടാക്കുകയാണ് അദ്ദേഹം.

Comments

 1. രസതന്ത്രമാണല്ലോ!

  ReplyDelete
 2. എങ്ങനെ വേണേല്‍ വ്യാഖ്യാനിക്കാം ഈ ജീവിതം.

  ReplyDelete
 3. പരീക്ഷണം സംഹാരമാകാതിരുന്നാല്‍ മതി!
  ആശംസകള്‍

  ReplyDelete
 4. ചുവപ്പ് നിറമുള്ള കരച്ചിലുകള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്..

  ReplyDelete
 5. വിരുദ്ധമായ ലായനികൾ
  വിരുദ്ധമായ അനുപാതത്തിൽ ചേർക്കരുതെന്ന
  അലിഖിത നിയമം
  നാം പലപ്പോഴും തെറ്റിക്കുന്നു.

  ReplyDelete
 6. പ്രതീക്ഷകളുടെ നിറം നഷ്ടപ്പെടാന്‍ അനുവദിക്കരുത്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?