ഭ്രാന്ത്

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ .

Comments

 1. "പക്ഷേ അവൻ കാണുന്നതൊന്നും
  നിങ്ങൾ കാണുന്നേയില്ല."
  അവിടെയാണ് ഭ്രാന്തിന്റെ ആരംഭം...
  ആശംസകൾ...

  ReplyDelete
 2. ചിലര്‍ അങ്ങനെയാണ്
  രാത്രിവരെ വെള്ളംകോരിനിറച്ച്.
  നിറച്ച ആ കുടം തട്ടിയുടയ്ക്കുന്നവര്‍...
  ആശംസകള്‍

  ReplyDelete
 3. അവര്‍ കാണുന്നതൊന്നും നാം കാണുന്നതേയില്ല. അവര്‍ ഭ്രാന്തന്മാരല്ല, പ്രവാചകരത്രെ

  ReplyDelete
 4. അവനെന്തു വരം ചോദിക്കും?
  ............
  ആശംസകള്‍

  ReplyDelete
 5. ഭ്രാന്ത് ഒരു സൗകര്യമാണ്...സ്വപ്‌നങ്ങള്‍ മെനയാനുള്ള സ്വാതന്ത്ര്യമാണ്...

  ReplyDelete
 6. ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
  ഏതു തീപ്പൊരിയിൽ നിന്നാണ്
  കാളി കലിയുറഞ്ഞു വന്നെത്തുക
  എന്ന് തേടുകയാണവൻ .

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?