Posts

Showing posts from 2016

ശിശിരമേ...

വസന്തകാലത്തെ മാത്രമല്ല
 ഈ ശിശിരത്തേയും ഞാൻ പ്രണയിക്കുന്നു.
അതെന്നെ മണ്ണിനടിയിൽ പൂഴ്‌ത്തി വെക്കുന്നു
 കണ്ണുകളെ അടച്ചുവെക്കുന്നു
 മനസ്സിൽ ഒരു നക്ഷത്രരാവിനു വിളക്ക് കൊളുത്തുന്നു.
ചുണ്ടില്ലാതെ ചുംബിക്കുന്നു
 ഇതെന്റെ മാത്രം ഉന്മാദമാണ് 
കഠാരയിൽ കൊരുത്ത ഒരു ഹൃദയത്തിന്റെ
ഏകാന്ത നീറ്റലാണ് 
വസന്തം ഒരു മൺവെട്ടിയുമായി വന്ന് മണ്ണിളക്കും വരെ
അതുമല്ലെങ്കിൽ കുഴിച്ചെത്തുന്ന
ഒരു പുരാവസ്തു ഗവേഷകൻ അണയും വരെ...
 ശിശിരമേ ...

നിന്നെ പകർത്തുന്ന ഞാൻ

ഞാൻ നിന്നെ പകർത്തുകയാണ്
ദൈവമെഴുതിയ കവിത
പകർത്തിയെഴുതുകയാണ് .
നിന്റെ മൗനത്തിൽ നിന്നും
ഞാനൊരു പാട്ട് കേൾക്കുന്നു ,
നിന്റെ കണ്ണുകളിൽനിന്നും
സമുദ്രത്തിരകൾ ഞാൻ പിടിച്ചെടുക്കുന്നു
നിന്നിലപ്പോൾ ഇല്ലിക്കാടുലയുന്നു,
നീയൊരു കഥ പറയുന്നു
ഞാനതിനെ കവിതയായി വിവർത്തനം ചെയ്യുന്നു.
നീ മുടിക്കെട്ടഴിച്ചിടുന്നു-
ഞാൻ കാട് വരക്കുന്നു
നീ നിന്റെ മുലക്കച്ചയഴിക്കുന്നു
ദാഹിച്ചുവലഞ്ഞൊരു മരുപ്പച്ചക്കുമുകളിൽ
കാർമേഘം തണൽ വിരിക്കുന്നു 
നിന്റെ പാദങ്ങൾ പറയുന്ന
ഭാഷ പഠിക്കുകയാണ്
ഞാൻ ...
നിന്റെ  വേദനയുടെ വേരുകളെ
ഞാനെന്റെ ചുണ്ടിലെ തൈലം കൊണ്ടു തണുപ്പിക്കുന്നു
എന്റെ പെണ്ണാകുന്നു നീ -
സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവൾ
ഭൂമിയിൽ ചിതറാതെ ഒരു കൈ പിടിച്ചു നടന്നവൾ
എന്റെ ചുംബനങ്ങൾ നിന്റെ കാൽവിരൽ മുതൽ
...കത്തിപ്പടരുന്നു.

എരുക്ക്

പ്രേമത്തിന്റെ ചുടുകാറ്റിൽ
ഞാൻ ഉലഞ്ഞു പോയിരിക്കുന്നു
കാത്തിരിപ്പിന്റെ കളിയോടം മുങ്ങിപ്പോവുകയും ചെയ്തു
ഈ രാത്രി കനത്തു നിൽക്കുന്നു.
ഒരു പൂ പോലും വിരിയാതെ മുറ്റം
നിന്റെ വരവിനായി കാതു കൂർപ്പിച്ചിരിക്കുന്നു 
മിന്നാമിന്നികൾ പോലും വെളിപ്പെടാൻ മടിക്കുന്ന
ഈ രാത്രി അസ്തമിച്ചു പോകും
എങ്കിലും ഇരുട്ടിന്റെ മേലാപ്പിൽ നിന്നും
ഞാൻ മോചിതനാവുകയില്ല.
കുന്നിറങ്ങിവന്ന കാറ്റും
കടൽ താണ്ടിവന്ന മഴയും
എങ്ങോ ഓടി ഒളിച്ചത് കണ്ടില്ലേ?
നീ നടന്നുപോയ വഴികളിൽ
എന്റെ ചുംബനങ്ങൾ അനാഥമാവുന്പോൾ
വേനലുരുകി ഞാൻ അദൃശ്യനായേക്കാം
എന്റെ തൃഷ്ണകൾ പൂക്കുന്ന എരുക്ക്
മരുഭൂമികളിൽ നിന്നെ കാത്തു നിൽക്കും
ഓരോ സഞ്ചാരിയിലും അത് നിന്നെത്തേടും
ഓരോ നിഴലിലും നമ്മുടെ പ്രേമത്തിന്റെ നർത്തനം കാണും 
നാദമായി നീ ഒഴുകി വന്നെങ്കിൽ
- എന്നത് കാറ്റിനോട് പിറു പിറുക്കും
നീ വന്നണയും വരെ.

വേനൽക്കൊന്പ്

നീച മൃഗത്തിൻ കോമ്പല്ലിൽ കുടുങ്ങിയ
ചോര പിടഞ്ഞു ചോദിക്കുന്നു
കാഴ്ച കാണാൻ വന്നു കണ്ണീരൊഴുക്കിയ
മുതലയുടെ വിരൽ തൊട്ടു ചോദിക്കുന്നു.
ഉണങ്ങിയ രക്തമണം തേടിവന്ന
കുറുനരിയുടെ കണ്ണിൽ കുത്തി ചോദിക്കുന്നു...
ചോദ്യങ്ങൾ ഒഴുകുന്നു
തീ പിടിച്ച വേനലിൻ കൊമ്പിൽ
നിന്നു മറു കൊമ്പിൽ
എവിടെ?

അദൃശ്യം

ചുണ്ടുകളില്ലാതെ
ഞാൻ നിന്നെ ചുംബിക്കുന്നു.
കൈകൾ കൊണ്ടല്ലാതെ
ഞാൻ നിന്നെ എന്റെ മാറിടത്തിൽ ചേർക്കുന്നു.
അഗാധമായ ഒരു വിസ്മയത്തിൽ 
ഞാൻ അദൃശ്യനാവുന്നു.
വിസ്മൃതി എന്നെ വലയം ചെയ്യുന്നു.
ഉന്മാദത്തിന്റെ ഒരു തിരി വെളിച്ചം
എന്നെ ആഹ്ലാദിപ്പിക്കുന്നു.

അഞ്ചു വിരലുകൾ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.

നിന്റെ മാത്രമാകുന്ന കവിത

എന്റെ കവിതയിലെ ചോര
നിന്റെ മുലഞെട്ടിലേക്ക് ഇറ്റ് വീഴുന്നു.
എന്റെ ആത്മാവ് നിന്റെ മാറിടത്തിൽ വിറകൊള്ളുന്നു...
...തെരുവിലേക്ക് വലിച്ചെറിയപ്പെട്ട
വാടിയ പൂവ്വാണ് എന്റെ കവിത -
- നിനക്കൊഴികെ.

വീടില്ലാത്തവൻ

മടങ്ങിപ്പോകാൻ വീടില്ലാത്തവന്റെ
കൈകൾ ഒഴിഞ്ഞു കിടക്കുന്നു.
അവന്റെ പെട്ടി ശൂന്യവും
അവന്റെ ഹൃദയം ഭാരമേറിയതുമായിരിക്കുന്നു.
നിർവികാരം ഓരോ പകലും അസ്തമിക്കുന്നു.
രാത്രിയുടെ ചില്ലയിൽ ഇരുട്ട് കൂടുകൂട്ടുമ്പോൾ
അവൻ നിഴലുകളെ കൂട്ടിനു വിളിക്കുന്നു.
ഒഴിഞ്ഞ പാതകളിൽ
മരിച്ചവർ ഒപ്പം കൂടുന്നു.
സത്രച്ചുമരുകൾ അവന് താരാട്ട് പാടുന്നു.
അവന്റെ ചുംബനങ്ങൾ
കാറ്റ് കൊണ്ടു പോകുന്നു.
വാത്സല്യം നിറഞ്ഞ അവന്റെ മാറിടത്തിൽ
കിനാ മഴ പെയ്ത്
മരുപ്പച്ച മുളച്ചു പൊന്തുന്നു

സമാഗമം

പ്രിയേ.. നിന്റെ കണ്ണുകളിൽ
നീലക്കുറിഞ്ഞി പൂത്തതും ,
കവിൾത്തടങ്ങളിൽ രണ്ടു സൂര്യന്മാർ
ഉദിച്ചു നിന്നതും
ഞാനോമനിക്കുന്ന
നിന്റെ ചുണ്ടുകളിലെ നിത്യവസന്തവും
ഒന്നുമൊന്നും ഞാൻ കണാത്തൊരു
വിസ്മയ നിമിഷമായിരുന്നു നമ്മുടെ ആദ്യ സമാഗമം.
ഓർമയുണ്ട്,
നിന്നിലേക്ക് ചാഞ്ഞു നിന്നൊരു പവിഴമല്ലി -
ഞാനതിലൂടെ ഊർന്നു വന്നു.
നിന്നിലേക്ക് ആഴ്ന്നിറങ്ങി;
തടാകം നിറയെ ലില്ലിപ്പൂക്കൾ
ചുവന്നു തുടുക്കുന്നുണ്ടായിരുന്നു.
നമ്മുടെ ചുണ്ടുകൾ കവിത നെയ്ത് കൊണ്ടിരുന്നു.
ഞാൻ നിന്റെ ഗന്ധർവ്‍വനായിരുന്നു.
പാലപ്പൂവുകൾ നമുക്ക് മീതെ വിരിഞ്ഞു നിന്നിരുന്നു.
പ്രണയമേ ഞാനോർക്കുന്നു
ഓരോ ഇടിമിന്നലിലും
നിന്റെ ഉടൽ വിറകൊള്ളുന്നത്.
ഞാനോർക്കുന്നു നാമപ്പോൾ
ഒരു നിമിഷത്തിന്റെ നേർമ്മയിൽ
പച്ചക്കരിമ്പായി വിളഞ്ഞു നിന്നത്.

ഇരുട്ട്

രാത്രിയുടെ കൊമ്പടർന്നു പോയിരിക്കുന്നു.
നെഞ്ചിലേറ്റ കഠാരയെ
 ഓമനിച്ചു കൊണ്ടിരിക്കുകയാണവൻ.
ഇരുട്ട് ചിറകടിച്ചു പറന്നുയരുന്നത്
കാത്തിരിക്കുകയാണവൻ.
അവൻ പറഞ്ഞു നിർത്തിയിടത്ത് നിന്ന്
ഞാൻ ഒന്നും തുടങ്ങുന്നില്ല.
അവൻ പറഞ്ഞു തുടങ്ങിയത്
തീരുന്നുമില്ല.
ഭ്രാന്തൻകുന്ന് ഒരു ചിരിയെ
താഴോട്ട് ഉരുട്ടി വിട്ടിരിക്കുന്നു.
ഉടലിനുള്ളിലേക്ക് വെളിച്ചം കത്തിയിറങ്ങുന്നു.
ആൽമരം സിദ്ധാർത്ഥനെ കാത്തിരിക്കുന്നു.
കൊഴിഞ്ഞു പോയ ഇലകളിൽ
നീലച്ചായം പൂശുകയാണ് അന്ധനായ കുട്ടി.
അന്ധത വിരിച്ച് ഞങ്ങൾ
അതിഥികളെ കാത്തിരിക്കുന്നു.

ഒരായിരം വർഷങ്ങൾക്കു മുന്പാണ് നീയും ഞാനും ജനിക്കുന്നതെന്നിരിക്കട്ടെ

ഒരായിരം വർഷങ്ങൾക്കു മുന്പാണ് 
ഞാൻ ജനിക്കുന്നതെന്നിരിക്കട്ടെ 
കൊച്ചു കൊച്ചു മണ്‍കുടിലുകളിൽ 
മനുഷ്യർ വസിച്ചിരുന്ന ഒരുകാലത്ത് 
കൊച്ചു മണ്‍പാതകൾ മാത്രം 
വഴികാണിച്ചിരുന്ന ഒരുകാലത്ത്
സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും
നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നതും
രാത്രിയിലേക്ക്‌ നിലാവ് കോരി ഒഴിക്കുന്നതും
കണ്ടു കണ്ട് സമയം പോക്കിയിരുന്ന അന്നൊരിക്കൽ
ആകാശത്തൊരു മഴവിൽ വിരിഞ്ഞാൽ
ഒരു വർഷം മുഴുവൻ ആഹ്ലാദിക്കുന്നൊരു
തെളിമനസ്സുള്ള അന്നൊരിക്കൽ
ഒരുമരം വീഴുമ്പോൾ
കരളിലൊരു കടൽ വറ്റുന്ന വേവിന്റെ നാളിൽ
പതിവായി കൂവുന്ന പൂംകുയിലിനെ കാണാതെ
പിടഞ്ഞു മരിക്കുന്ന ഇണക്കുയിലായിരുന്ന നാളിൽ 
നടന്നു നടന്ന് വലയുമ്പോൾ ഒരു സഹജീവിയെ
കണ്ടുമുട്ടുമ്പോൾ
അത്യാഹ്ലാദം കൊണ്ട് നൃത്തംവെക്കുംപോൾ
ഒരുമിച്ചൊരു കുന്നിൽ ഓടിക്കയറി കിതപ്പാറ്റുമ്പോൾ
പെട്ടെന്നൊരു മഴവരികിൽ
ഒരു ചേമ്പിലയിൽ മുട്ടിയുരുമ്മി
ചുടുകണമാകുന്നൊരു സ്നേഹവായ്പ്പിൽ
പങ്കുവെക്കുന്ന ചുട്ട കിഴങ്ങും പഴങ്ങളുമായി
മധുരിക്കുന്നൊരു ആദി നാളിൽ
അന്ന് നീയും എന്റെ ഒപ്പമുണ്ടായിരുന്നാൽ
ഒരായിരം വർഷങ്ങൾക്കു മുന്പാണ്
നീയും ഞാനും ജനിക്കുന്നതെന്നിരിക്കട്ടെ

നിശാഗന്ധി

കവിതയിലെ ഓരോ വരികളിലും
ശോകത്തിന്റെ അർദ്ധ വിരാമങ്ങൾ
വാടിക്കൊഴിഞ്ഞ പൂക്കളുടെ മൌനം.
നിന്നെ വായിക്കുന്പോൾ
ഒരു പെരുംകടൽ കര കയറി വരുന്നു
ഉപമകളിൽ തോരാതെ മഴ പെയ്‌യുന്നു 
കാടു കയറിപ്പോയ സമസ്യകൾക്ക് വഴി തെറ്റുന്നു
നിശാഗന്ധിയാണ് നീ
നിലാവ് മറഞ്ഞിട്ടും നീ മറയുന്നില്ല
കഥ തീർന്നിട്ടും രംഗങ്ങൾ ഒഴിയുന്നില്ല 
ചിലങ്കയഴിഞ്ഞുപോയ നർത്തകി;
നർത്തനം തീരുന്നില്ല
ഉറങ്ങുമ്പോൾ നിന്റെ കിതപ്പ് എന്നെ പുണരുന്നു 
കവിതകൊണ്ട്‌ നീയെന്നെ പുതപ്പിക്കുന്നു
പൊള്ളുന്നു പൊള്ളുന്നു-
വെങ്കിലും നീയെന്ന കവിതയിൽ ഞാൻ പോയ്‌ മറയുന്നു.