ഒരായിരം വർഷങ്ങൾക്കു മുന്പാണ് നീയും ഞാനും ജനിക്കുന്നതെന്നിരിക്കട്ടെ

ഒരായിരം വർഷങ്ങൾക്കു മുന്പാണ് 
ഞാൻ ജനിക്കുന്നതെന്നിരിക്കട്ടെ 
കൊച്ചു കൊച്ചു മണ്‍കുടിലുകളിൽ 
മനുഷ്യർ വസിച്ചിരുന്ന ഒരുകാലത്ത് 
കൊച്ചു മണ്‍പാതകൾ മാത്രം 
വഴികാണിച്ചിരുന്ന ഒരുകാലത്ത്
സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും
നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നതും
രാത്രിയിലേക്ക്‌ നിലാവ് കോരി ഒഴിക്കുന്നതും
കണ്ടു കണ്ട് സമയം പോക്കിയിരുന്ന അന്നൊരിക്കൽ
ആകാശത്തൊരു മഴവിൽ വിരിഞ്ഞാൽ
ഒരു വർഷം മുഴുവൻ ആഹ്ലാദിക്കുന്നൊരു
തെളിമനസ്സുള്ള അന്നൊരിക്കൽ
ഒരുമരം വീഴുമ്പോൾ
കരളിലൊരു കടൽ വറ്റുന്ന വേവിന്റെ നാളിൽ
പതിവായി കൂവുന്ന പൂംകുയിലിനെ കാണാതെ
പിടഞ്ഞു മരിക്കുന്ന ഇണക്കുയിലായിരുന്ന നാളിൽ 
നടന്നു നടന്ന് വലയുമ്പോൾ ഒരു സഹജീവിയെ
കണ്ടുമുട്ടുമ്പോൾ
അത്യാഹ്ലാദം കൊണ്ട് നൃത്തംവെക്കുംപോൾ
ഒരുമിച്ചൊരു കുന്നിൽ ഓടിക്കയറി കിതപ്പാറ്റുമ്പോൾ
പെട്ടെന്നൊരു മഴവരികിൽ
ഒരു ചേമ്പിലയിൽ മുട്ടിയുരുമ്മി
ചുടുകണമാകുന്നൊരു സ്നേഹവായ്പ്പിൽ
പങ്കുവെക്കുന്ന ചുട്ട കിഴങ്ങും പഴങ്ങളുമായി
മധുരിക്കുന്നൊരു ആദി നാളിൽ
അന്ന് നീയും എന്റെ ഒപ്പമുണ്ടായിരുന്നാൽ
ഒരായിരം വർഷങ്ങൾക്കു മുന്പാണ്
നീയും ഞാനും ജനിക്കുന്നതെന്നിരിക്കട്ടെ

Comments

 1. ചുടുകണമാകുന്നൊരു സ്നേഹവായ്പ്പിൽ
  പങ്കുവെക്കുന്ന ചുട്ട കിഴങ്ങും പഴങ്ങളുമായി
  മധുരിക്കുന്നൊരു ആദി നാളിൽ
  അന്ന് നീയും എന്റെ ഒപ്പമുണ്ടായിരുന്നാൽ
  ഒരായിരം വർഷങ്ങൾക്കു മുന്പാണ്
  നീയും ഞാനും ജനിക്കുന്നതെന്നിരിക്കട്ടെ

  ReplyDelete
 2. ഹാ, എന്തു സുന്ദരമായ കല്പനകൾ. പഴയ നൂറ്റാണ്ടുകളിൽ ജീവിക്കാനായെങ്കിൽ എന്ന് തോന്നാറുണ്ട്. രാമായണകാലത്ത്, ഭാരതയുദ്ധകാലത്ത്, ക്രിസ്തുവിന്റെയും ബുദ്ധന്റെയും ഒക്കെ കാലങ്ങളിൽ, റെഡ് ഇൻഡ്യൻസ് അമേരിക്കാസ് അടക്കിഭരിച്ചിരുന്ന കാലങ്ങളിൽ, ഫ്രഞ്ച് വിപ്ലവകാലത്ത്, അതോടൊപ്പം തന്നെ ഈ കാലത്തും

  ചിരഞ്ജീവിയായിരിക്കണമെന്നാണാഗ്രഹം!!

  ReplyDelete
 3. ആയിരം വർഷങ്ങൾക്ക്‌ മുൻപത്തെ സങ്കൽപം നന്നായി...അങ്ങനെയൊക്കെ ആയിരുന്നെങ്കിൽ !!!!!!!!!!

  ReplyDelete
 4. കൊള്ളാം

  പുതുവത്സരാശംസകള്‍

  ReplyDelete
 5. അങ്ങനെയാണെന്ന് തന്നെയിരിയ്ക്കട്ടെ അതൊരു ജീവിതം തന്നെയായിരിക്കും.. സുന്ദരമായ ഭാവനയും വരികളും ഭാനൂ

  ReplyDelete
 6. സ്വച്ഛസുന്ദരമായ ജീവിതം അല്ലേ?!!
  ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?