പ്രണയ ലിഖിതങ്ങൾ

നാം പാടത്ത് കൊരുത്ത രണ്ട് കാക്കപ്പൂവുകൾ ആണെന്ന് കരുതുക, എന്തായിരിക്കും നാം ചെയ്യുന്നുണ്ടാവുക? അല്ലെങ്കിൽ വരിവെച്ച് പോകുന്ന ഉറുമ്പിൻ കൂട്ടത്തിലെ തോളോട് തോൾ ചേർന്ന രണ്ട് ഉറുമ്പുകൾ, ഒരു ആമ്പൽ കുളത്തിൽ മുങ്ങാം കുഴിയിടുന്ന രണ്ടു തവളകൾ, അതുമല്ലെങ്കിൽ ദേശാടനം നടത്തുന്ന രണ്ടു പറവകൾ, അല്ലെങ്കിൽ വേണ്ട പെയ്യാൻ മടിച്ച രണ്ടു മേഘങ്ങൾ .... ഏതു രൂപത്തിൽ ആയിരുന്നാലും ഏത് കാലത്തിൽ ആയിരുന്നാലും നാം ചുംബിച്ചു കൊണ്ടിരിക്കും. കടുത്ത പ്രണയത്തിലായ രണ്ടു കമിതാക്കൾക്ക് മറ്റെന്ത് ചെയ്യുവാനാവും?


ഉപമകൾ കൊണ്ട് നിന്റെ പ്രേമത്തെ രേഖപ്പെടുത്താൻ ഞാനിനി ശ്രമിക്കയില്ല,
രണ്ടു ഹൃദയങ്ങളെ ചേർത്തിണക്കിയ കാലത്തിന്റെ മന്ത്രികതയെ പ്രണയം എന്നിനി ഞാൻ വിളിക്കയില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പതിവു പല്ലവി പാടുകയില്ല,
ദൂര സമയങ്ങളെ മാച്ചു കളയുന്ന 
ചുണ്ടുകളുടെ അമർന്നു ചേരലിനെ 
ചുംബനമെന്ന് ഒറ്റുകയില്ല
നിത്യത വിരിയുന്ന ഈ ഋതുവിനെ വസന്തമെന്ന് വാഴ്ത്തുകയില്ല.


നിന്നെ ഓർക്കുമ്പോൾ 
ഒരു വെണ് മേഘം എന്റെ കവിളിൽ ഉരസുന്നു.
നിന്റെ നിറഞ്ഞ പീലികൾ ചുണ്ടിൽ തൊടുന്നു 
ഇടവഴികൾ നനഞ്ഞുപോകുന്നു 
മരങ്ങൾ ഈറനുടുത്ത് നിൽക്കുന്നു 
രാപ്പാടി നിശ്ശബ്ദയായിരിക്കുന്നു.
നമ്മുടെ കാലൊച്ചകൾ മാത്രം അകന്നകന്നു പോകുന്നു.പ്രണയത്തിന്റെ തീവ്രവാദ പ്രവർത്തനത്തിനായി സ്വയം കാണാതായവനാണ് ഞാൻ. കണ്ടുകിട്ടിയാൽ ഒറ്റ ഷോട്ടിൽ തീർത്തു കൊള്ളണം. ഇല്ലെങ്കിൽ ചാവേർ ആക്രമണത്തിൽ നഗരം കത്തിയെരിഞ്ഞെന്നു വരാം.

നിന്നെ എന്നന്നേക്കുമായി കീഴടക്കുവാനുള്ള പ്രണയത്തിന്റെ മുല്ലമലർമാല തേടി അലയുകയാണ് ഞാൻ. എത്ര യാത്ര ചെയ്താലും കീഴടക്കാനാവാത്ത വൻകരയായി നീ എന്റെ മുന്നിൽ വളർന്നു കൊണ്ടിരിക്കുന്നു. ഇനി മന്ത്രികതയുള്ള ഒരൊറ്റ ചുംബനം കൊണ്ടേ നീ എന്റെ മാറിലേക്ക് ചുരുങ്ങുകയുള്ളൂ. ആയിരം യോദ്ധാക്കളെ തിരിച്ചയച്ച വീഞ്ഞിന്റെ സുന്ദരീ... നിനക്കു കീഴടങ്ങുവാൻ സമയമായി.

മഴ പോലെ തേങ്ങിക്കരയില്ല ഞാൻ, അഗ്നി പർവ്വതം പോലെ നീറി പുകയും. ലാവയായി ദേശം മുഴുവൻ ഒഴുകി പരക്കും.

കവിതയിൽ എന്നെ മുക്കിക്കൊല്ലു. കാവ്യ സൗന്ദര്യമായ എന്റെ പ്രിയക്കുള്ളിൽ എന്റെ അവസാന ശ്വാസം അലിഞ്ഞില്ലാതാകട്ടെ.

പെണ്ണേ, നിന്റെ ചുണ്ടുകളുടെ ഉഷ്ണകാലത്തിൽ അകപ്പെട്ട് ഞാനൊരു നദി കുടിച്ചു വറ്റിക്കുന്നു.

പെണ്ണേ, നിന്റെ ഒരു മുലയിൽ നിന്നും ഇറങ്ങി നടന്ന ഞാൻ മറു മുലയിൽ എത്തും മുമ്പേ മരിച്ചു പോകുമോ?


ജീവിതം വിലയായി തന്നിരിക്കുന്നു - നിന്റെ പ്രണയം പകർന്നെന്നെ നിറച്ചാലും...

പ്രണയമറിഞ്ഞവൻ സന്തുഷ്ടി എന്തെന്ന് അറിഞ്ഞവനാണ്. അവനു മുന്നിൽ വാഗ്ദാനം ചെയ്യുവാൻ വാഗ്ദത്ത ഭൂമികൾ ഒന്നുമില്ല.

ആരെയോ തേടി അലയുന്നുണ്ട് ഞാനീ ആൾക്കൂട്ടത്തിൽ, ആരോ വരുവാനുണ്ടല്ലോ എന്ന് ഈ ഏകാന്തതയോട് ചോദിക്കുന്നുണ്ട്, ഒരു സന്ദേശം എന്നെത്തേടി പുറപ്പെട്ടിരിക്കും, അടഞ്ഞു പോകുന്ന കണ്ണുകളോട് പറയുന്നു - ഉറങ്ങരുത് - കാത്തിരിപ്പ് അവസാനിച്ചിട്ടില്ല, വാതിലുകൾ തുറന്നു വെക്കൂ... ഒരു സ്വരം അടുത്തു വരുന്നുണ്ട്, നിന്റെ പേര് വിളിക്കുന്നുണ്ട്. നെറ്റിയിൽ അമരുന്നുണ്ട് ചുണ്ടുകൾ... ഒരു കണ്ണുനീർ തുള്ളി എന്റെ ചുണ്ടുകളെ നനയിപ്പിക്കുന്നു. ഒരു സ്വരം കാതിൽ അലിഞ്ഞു പോകുന്നു.

എന്റെ വഴികൾ നിന്നിലേക്ക്
ഞാൻ തുറന്നതെല്ലാം നിന്നിലേക്ക്
ഞാൻ പ്രവേശിച്ചതും നിന്നിലേക്ക്
നിന്റെ സ്വീകരണമുറിയിലെ
ദീപങ്ങൾ ഇനി അണച്ചു കൊള്ളൂ...
എനിക്കിനി പോകുവാൻ ഇടങ്ങൾ ഒന്നുമില്ല.
കാണുവാൻ കാഴ്ച്ചകളുമില്ല
നിന്റെ പുഞ്ചിരി നിലാവിൽ
ഞാനൊരു ജലാശയം സ്വപ്നം കാണുന്നു.
ജലത്തിൽ ഉറങ്ങുകയാണ് ഞാൻ
നിന്റെ കൈകൾ എന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്
ഇത് സ്വപ്നമല്ല
നിന്റെ പ്രേമത്തിന്റെ വിസ്മയമാണ്.

ഹിമയുഗത്തിലേക്ക് ഞാൻ വഴുതി വീഴും മുൻപേ എന്റെ പെണ്ണേ, നിന്റെ തീച്ചുണ്ടുകൾ കൊണ്ട് നീയെന്നെ കൊത്തിവലിക്കൂ ... പൊള്ളി വിരിയട്ടെ ഞാനും എന്റെ സൂര്യകാന്തിപ്പൂക്കളും.

ഒറ്റപ്പെയ്ത്തിന് ഒടുങ്ങുവാൻ വന്നവനല്ല ഞാൻ.
പ്രളയമായി നിന്നെ കൊണ്ടു പോകാൻ വന്നവൻ

നിന്റെ ആരാധനാലയത്തിനു പുറത്ത് തണലേകുന്ന ആൽമരം മാത്രമാണ് ഞാൻ. നിന്റെ ഭക്തരുടെ തിരക്കൊഴിയുമ്പോൾ അല്പനേരം എന്റെ അരികിലിരിക്കൂ - നിന്റെ നെറ്റി തണുക്കുവോളം എന്റെ പച്ച നിനക്ക് വീശിത്തരും.

നീ തന്ന ചുംബനങ്ങളെല്ലാം വാടാമലരുകളാണ്. വേനലും മഴയും കൊണ്ടു പോകാത്ത ലില്ലിപ്പൂക്കളുടെ താഴ്‌വര.

നിന്റെ നിറമിഴികളിലെ പീലികളിൽ മാതൃത്വത്തിന്റെ മഹാ സമുദ്രം തങ്ങി നില്ക്കുന്നത് ഞാൻ കാണുന്നു. ഋഷികൾ പറഞ്ഞത് ശരി തന്നെയാണ്. ഞാൻ നിനക്ക് മകനായിരിക്കുന്നു. നിന്റെ പാൽക്കടൽ നുകർന്ന് നിന്റെ മാറിൽ ഉറങ്ങുന്നവൻ

നിന്റെ ചുംബനമേറ്റ എന്നേക്കാൾ ഭേദമായിരിക്കും സർപ്പദംശനമേറ്റ ഒരുവന്റെ അവസ്ഥ

ഞാനൊരു സൂര്യകാന്തിപ്പൂവാണ്. വിഢികളുടെ പൂവ്. അലങ്കാരകോപ്പകളിൽ നിന്ന് ബഹിഷ്കൃതനായവൻ.


കാറ്റിൽ അലയുന്ന മേഘം പോലെ ഞാൻ നിന്നിൽ അലഞ്ഞു കൊണ്ടിരിക്കുന്നു.
അമൃതെന്ന് കരുതി എടുത്ത് കുടിച്ചത് വിഷമായിരുന്നു. ഇപ്പോഴാകട്ടെ വിഷമില്ലാതെ ജീവിക്കുക അസാദ്ധ്യവും...

സ്വർഗ്ഗത്തിൽ നിന്നും താഴേക്കിറങ്ങി വന്ന് മുക്കൂറ്റിപ്പൂവിനെ ഉമ്മ വെച്ച ആ നക്ഷത്രം നീയാണ്. അശാന്തിയുടെ ആത്മാ രാഗത്തെ നെഞ്ചിലേറ്റിയ മണി വീണ...

എന്റെ പനിനീർ ചെടി മഴ കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ മഴ.

നിന്നിൽ ചൊരിയാനുള്ള സ്നേഹത്തിന്റ പൊലിയാണ് ഞാൻ.

Comments

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?